ഔദ്യോഗിക കാറില്‍ സണ്‍ഫിലിം ഒട്ടിച്ച് ബിജെപി എംഎല്‍എ; പിഴയിട്ട് പോലീസ്, വൈറലായി വീഡിയോ

500 രൂപയാണ് എംഎല്‍എയ്ക്ക് പിഴയിട്ടത്.

പാട്‌ന: ഔദ്യോഗിക വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിച്ച് ബിജെപി എംഎല്‍എയുടെ യാത്ര. പോലീസ് നടത്തിയ പരിശോധനയിലാണ് എംഎല്‍എ കുടുങ്ങിയത്. ബിഹാറിലെ ഭരണകക്ഷി എംഎല്‍എയായ പ്രദീപ് സിങ്ങാണ് പാട്‌ന പോലീസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്.

പതിവ് വാഹനപരിശോധനയ്ക്കിടെ എംഎല്‍എയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഗ്ലാസുകളില്‍ കൂളിങ്ങ് ഫിലിം ഒട്ടിച്ചത് കണ്ടത്. തുടര്‍ന്ന് ഇത് എംഎല്‍എയുടെ ഔദ്യോഗിക വാഹനമാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍ പറയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പോലീസ് പിഴയിടുകയും ചെയ്തു.

500 രൂപയാണ് എംഎല്‍എയ്ക്ക് പിഴയിട്ടത്. സംഭവത്തിന്റ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം എംഎല്‍എയുടെ വാഹനത്തില്‍ നിയമം ലംഘിച്ച് ബീക്കണ്‍ ലൈറ്റുകളും സൈറണുകളുമുള്‍പ്പെടെ നിരവധി ഫിറ്റുങ്ങുകളും കാണാം.

Exit mobile version