ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

പ്രതിയുടെ സൂചനകള്‍ ലഭിച്ചതായും അധികൃതര്‍ പറയുന്നു.

ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ് സുരേഷിനെ(56)യാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഏറെ നേരം കഴിഞ്ഞ് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയുടെ സൂചനകള്‍ ലഭിച്ചതായും അധികൃതര്‍ പറയുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍ആര്‍എസ്‌സി) ശാസ്ത്രജ്ഞനാണ് മരണപ്പെട്ട സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റക്കാണ് താമസം.

ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. അവര്‍ വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണ് താമസം. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. മകന്‍ യുഎസിലും മകള്‍ ഡല്‍ഹിയിലുമാണ്.

Exit mobile version