നിരത്തിലൂടെ ബൈക്ക് പായിച്ച് എട്ടു വയസുകാരന്‍; വീഡിയോ വൈറലായതോടെ പണി കിട്ടിയത് പിതാവിന്

നിരത്തിലൂടെ ബാക്ക് പായിക്കുന്ന എട്ട് വയസുകാരന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ലഖ്‌നൗ: കുട്ടികള്‍ വാഹനമോടിക്കുന്നത് മാസ് ആണെന്ന് പറയുന്ന സമൂഹമാണ് ഇപ്പോഴുള്ളത്. കുട്ടികള്‍ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമം കര്‍ശനമാക്കി അധികൃതരും രംഗത്തുണ്ട്. ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

നിരത്തിലൂടെ ബാക്ക് പായിക്കുന്ന എട്ട് വയസുകാരന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പണി കിട്ടിയത് പിതാവിനാണെന്ന് മാത്രം. കകോരി പോലീസാണ് എട്ടുവയസുകാരന്‍ ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്. കുട്ടി ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്റ്റര്‍ ചെയ്തിരുന്ന അഡ്രസ് കണ്ടത്തുകയും കുട്ടിയുടെ പിതാവിനെതിരേ നടപടിയെടുക്കുകയുമായിരുന്നു. പുതിയ നിയമം കൂടി കണക്കിലെടുത്ത് ബൈക്ക് തിരികെ കിട്ടണമെങ്കില്‍ 30,000 രൂപ പിതാവിന് പിഴയടയ്ക്കാന്‍ പറയുകയായിരുന്നു.

ബൈക്കില്‍ കുട്ടി പാഞ്ഞത് വളരെ അപകടം പിടിച്ച രീതിയിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. കൂടാതെ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും ഇട്ടിരുന്നില്ല. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല്‍ പാത്രം തുക്കിയിട്ടാണ് ഡ്രൈവിങ്. പ്രായപൂര്‍ത്തിയാകാതെ വണ്ടിയെടുത്തതും ലൈസന്‍സ് ഇല്ലാതത്തതും അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതും എല്ലാം ചേര്‍ത്താണ് പിതാവിന് പോലീസ് പിഴയിട്ടത്.

Exit mobile version