വനിതാ പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞു; ബിജെപി എംഎല്‍എ അറസ്റ്റില്‍

സെപ്തംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം

നാഗ്പുര്‍: വനിതാ പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. എംഎല്‍എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്. ബാന്ദ്ര ജില്ലയിലെ തംസാര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ചരണ്‍. ശനിയാഴ്ചയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം. ഒരു പൊതുപരിപാടിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലായിരുന്നു പോലീസുകാരി. പരിപാടിയില്‍ എംഎല്‍എയും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ചരണ്‍ വാഘ്മാരെയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ തര്‍ക്കമുണ്ടായി.

വാക്ക് തര്‍ക്കത്തിനിടെ എംഎല്‍എ പോലീസുകാരിയെ അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തുംസാര്‍ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരി പരാതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 18 നാണ് പരാതി നല്‍കിയത്.

Exit mobile version