തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: ഇത്തവണ ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നില്ല

തമിഴ്‌നാട്ടിലെ വിക്രവാണ്ടി, നംഗുനേറി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് വിക്രവാണ്ടി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ മത്സര രംഗത്ത് ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഇത്തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡിഎംകെ മുന്‍ എംഎല്‍എ പുകഴേന്തി ആണ്. ഇന്ന് രാവിലെ അണ്ണാ അറിവാലയത്തില്‍ നടന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ നടന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ നേരത്തേ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ഗുണകരമാകില്ലെന്നാണ് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

ഉദയനിധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ലോക്സഭാംഗമായ ഗൗതം സികാമണിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. മണ്ഡലത്തില്‍ ഉദയനിധി സ്ഥാനാര്‍ത്ഥി ആയി എത്തിയാല്‍
വിക്രവാണ്ടി താരമണ്ഡലമാകുമെന്നും ഇത് പാര്‍ട്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നുമായിരുന്നു അപേക്ഷ സമര്‍പ്പിച്ചതിനുശേഷം ഗൗതം സികാമണി പറഞ്ഞത്.

തമിഴ്‌നാട്ടിലെ വിക്രവാണ്ടി, നംഗുനേറി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം മുപ്പതാണ്.

Exit mobile version