ഒരു ഓട്ടോറിക്ഷയില്‍ 20 കുട്ടികള്‍; ആദ്യ തവണ ഈടാക്കിയത് 500 രൂപ, ശേഷം ഉപദേശവും! വൈറലായി വീഡിയോ

പോലീസിന്റെ പരിശോധനയ്ക്കിടയിലാണ് ഓട്ടോ ഡ്രൈവര്‍ പിടിക്കപ്പെട്ടത്.

അഹമ്മദാബാദ്: ഓട്ടോറിക്ഷയില്‍ കുട്ടികളെ കുത്തിനിറച്ച് വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പിഴയിട്ട് പോലീസ്. ആദ്യതവണയായി 500 രൂപയാണ് പിഴയായി നല്‍കിയത്. പിന്നാലെ ഉപദേശിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഒന്നും രണ്ടും പേരല്ല, 20 കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.

പോലീസിന്റെ പരിശോധനയ്ക്കിടയിലാണ് ഓട്ടോ ഡ്രൈവര്‍ പിടിക്കപ്പെട്ടത്. സൂറത്ത് ചൗക് ബസാര്‍ മേമോന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. സൂറത്തിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ആലാവുദ്ദീന്‍ സന്ദിയാണ് ഓട്ടോ ഡ്രൈവറെ കൈയ്യോടെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് സന്ദി പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

എത്രമാത്രം അപകടകരമാണ് ഈ യാത്ര എന്ന് എല്ലാ രക്ഷകര്‍ത്താക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 500 രൂപ പിഴയിട്ട ശേഷം ഇതൊരു ബോധവത്കരണം മാത്രമാണെന്നും ഇത്തരത്തില്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്രയ്ക്ക് പിടിക്കപ്പെട്ടാല്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version