ഉയര്‍ന്ന പിഴയ്‌ക്കെതിരെ രംഗത്തിറങ്ങി ഡല്‍ഹിയിലെ ജനം; ഇന്ന് വാഹന പണിമുടക്ക്

തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍, പിഴത്തുക വന്‍തോതില്‍ ഉയര്‍ത്തിയതോടെ അഴിമതിയും വര്‍ധിച്ചെന്ന് കപൂര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിന് വന്‍ പിഴ ഈടാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തിറങ്ങി രാജ്യതലസ്ഥാനത്തെ ജനങ്ങള്‍. ഉയര്‍ന്ന പിഴ ഈടാക്കാനുള്ള നടപടിക്കെതിരെ ഇന്ന് വാഹന പണിമുടക്ക് നടത്തിയാണ് പ്രതിഷേധിക്കുന്നത്.

ടാക്‌സി, ഓട്ടോ, മാക്‌സി കാബ്, ഒല, ഉബര്‍ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍, വാനുകള്‍, ട്രക്കുകള്‍, ഓറഞ്ച് ക്ലസ്റ്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍, ടെംപോ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ല. വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 34 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ഡല്‍ഹി ഗുഡ്സ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് രാജേന്ദ്ര കപൂര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഷ്ട്രീയ ചായ്‌വുള്ള സംഘടനകളല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ടാക്‌സി യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.

ഗതാഗത നിയമലംഘനത്തിനു വന്‍തോതില്‍ പിഴത്തുക വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍, പിഴത്തുക വന്‍തോതില്‍ ഉയര്‍ത്തിയതോടെ അഴിമതിയും വര്‍ധിച്ചെന്ന് കപൂര്‍ പറഞ്ഞു.

Exit mobile version