ഭാര്യയോട് വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ല, രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ച് കുടുംബം; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവും

മൂസയുടെ കുടുംബം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

ഔറംഗബാദ്: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നാം വിവാഹത്തിലെ ഭാര്യയോടുള്ള താല്‍പ്പര്യമില്ലായ്മയും ഇഷ്ടക്കുറവുമാണ് യുവാവിനെ രണ്ടാം വിവാഹത്തിനായി വീട്ടുകാര്‍ പ്രേരിപ്പിച്ചത്.

തുടര്‍ച്ചയായുള്ള നിര്‍ബന്ധങ്ങളില്‍ മനംനൊന്ത് യുവാവ് സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ കയറി ചാടുകയായിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. വീഴ്ചയില്‍ കാലിനും മറ്റും ഒടിവ് സംഭവിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂസയുടെ കുടുംബം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. നിര്‍ബന്ധം തുടര്‍ന്നതോടെ ഇവര്‍ക്കെതിരെ കേസ് കൊടുക്കാനായാണ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂസ എത്തിയത്. എന്നാല്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

പടികളില്‍ ഇരുന്നിരുന്ന മൂസ പിന്നീട് കാത്തിരിപ്പ് സ്ഥലത്തേക്ക് മാറി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം നിലയിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസിന്റെ വരാന്തയിലേക്കായിരുന്നു മൂസ വീണത്. അതേസമയം ആത്മഹത്യ ശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version