കടംകയറി ആത്മഹത്യാ വക്കില്‍, തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; ഗോതമ്പ് കൃഷി ഉപേക്ഷിച്ച് ക്ഷീര കര്‍ഷകരമായി മാറി ഹരിയാനയിലെ കര്‍ഷകര്‍

ഗോതമ്പ് കൃഷി ചെയ്ത് കടംകയറി ആത്മഹത്യ ചെയ്ത ബല്‍വാന്‍ സിംഗിന്റെ ഭാര്യ നരേശ്വിയ്ക്ക് പറയാനുള്ളത് അത്തരത്തിലൊരു ദുരിത കഥ തന്നെയാണ്.

ചണ്ഡീഗഡ്: കടംകയറി ആത്മഹത്യാ വക്കില്‍ എത്തി നില്‍ക്കുന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകര്‍ ഗോതമ്പ് കൃഷി വിട്ട് ക്ഷീര കര്‍ഷകരായി മാറി. നെല്ലും ഗോതമ്പും കൃഷി ചെയ്താല്‍ കടക്കെണി മാത്രമേ ബാക്കിയൊള്ളൂവെന്നും മുന്‍പില്‍ ആത്മഹത്യയുമാണെന്ന് ഇവര്‍ പറയുന്നു. ഇതെല്ലാം കണ്ട് ഭയന്നാണ് ക്ഷീര കര്‍ഷകരായി മാറിയതെന്ന് കര്‍ഷകര്‍ പറയുന്നു.

നഷ്ടം വന്ന് ദുരിതത്തിലാവുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഗോതമ്പ് കൃഷി ചെയ്ത് കടംകയറി ആത്മഹത്യ ചെയ്ത ബല്‍വാന്‍ സിംഗിന്റെ ഭാര്യ നരേശ്വിയ്ക്ക് പറയാനുള്ളത് അത്തരത്തിലൊരു ദുരിത കഥ തന്നെയാണ്. ബല്‍വാന്‍ മരിക്കുമ്പോള്‍ നാലര ലക്ഷം രൂപയായിരുന്നു കടം. ആറു കുട്ടികളാണ് ഇവര്‍ക്കുള്ളത്. സ്വന്തമായി ആകെയുള്ള വീട് തകര്‍ന്നിരിക്കുന്നു.

ബന്ധു വീട്ടിലാണ് നരേശ്വിയും മക്കളും അന്തിയുറങ്ങുന്നത്. നെല്ലോ ഗോതമ്പോ കൃഷി ചെയ്യാനുള്ള ധൈര്യം ഇതോടെ പോയെന്നും നരേശ്വി പറയുന്നു. ശേഷം ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോഴാണ് എരുമകളെ വളര്‍ത്തി തുടങ്ങിയതെന്ന് നാരേശ്വി കൂട്ടിച്ചേര്‍ത്തു. ഒരു ലിറ്റര്‍ എരുമപ്പാലിന് 60രൂപ വരെ കിട്ടും. ദിവസം ശരാശരി ആറോ ഏഴോ ലിറ്റര്‍ പാല് കിട്ടും. ഈ പാല് വിറ്റാല്‍ ചെറിയ വരുമാനം ഉറപ്പാണ്. നെല്ലോ ഗോതമ്പോ ആണേല്‍ കടം കയറുന്ന സ്ഥിതിയും. നെല്ലും ഗോതമ്പും കരിമ്പും ഒക്കെ കൃഷി ചെയ്ത് ജീവിക്കണം എന്ന് തന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ ആഗ്രഹം. എന്നാല്‍ കടബാധ്യത ഇവര്‍ക്ക് താങ്ങാനാവുന്നില്ല.

Exit mobile version