16-ാം വയസില്‍ വിമാനം പറത്തി കൊച്ചിക്കാരി; സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ സന്തോഷത്തില്‍ നിലോഫര്‍ മുനീര്‍

ദുബായിയില്‍ ബിസിനസുകാരനാണ് നിലോഫറിന്റെ പിതാവ് മുനീര്‍.

ബംഗളൂരു: 16-ാം വയസില്‍ ചെറുവിമാനം പറത്തി കൊച്ചിക്കാരി. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ നിലോഫര്‍ മുനീര്‍ ആണ് ആ മിടുക്കി. സെസ്‌ന 172 എന്ന ചെറുവിമാനമാണ് നിലോഫര്‍ പറത്തിയത്. ഇതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്ലീം പെണ്‍കുട്ടിയെന്ന നേട്ടത്തിലാണ് നിലോഫര്‍.

വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റ് ഫ്‌ലൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമിയാണ് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സമ്മാനിച്ചത്. ദുബായിയിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 10 -ാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഓറിയന്റ് ഫ്‌ലൈയിങ് സ്‌കൂളില്‍ നിലോഫര്‍ ചേര്‍ന്നത്.

ദുബായിയില്‍ ബിസിനസുകാരനാണ് നിലോഫറിന്റെ പിതാവ് മുനീര്‍. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫര്‍ ഇപ്പോള്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാല്‍ നിലോഫറിന് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനാകും. ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റേയും തിളക്കത്തിലാണ് നിലോഫര്‍.

Exit mobile version