ആടിനെ മോഷ്ടിച്ചുവെന്ന് കേസ്; 41 വര്‍ഷത്തിന് ശേഷം തോട്ടം തൊഴിലാളി അറസ്റ്റില്‍, അന്ന് ആടിന് വില 45, ഇന്ന് 3000ത്തിനും മുകളില്‍!

എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ കൗള്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടതായി വിവരം ലഭിച്ചു.

അഗര്‍ത്തല: ആടിനെ മോഷ്ടിച്ചുവെന്ന കേസില്‍ 41 വര്‍ഷങ്ങള്‍ക്കു ശേഷം തോട്ടം തൊഴിലാളി അറസ്റ്റില്‍. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗള്‍(58)ആണ് അറസ്റ്റിലായത്. ത്രിപുര പോലീസ് ആണ് ഇയാളെ പിടികൂടിയത്.

ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് വെസ്റ്റ് ത്രിപുരയിലെ റാനിര്‍ ബസാറില്‍ നിന്ന് ആടിനെ മോഷ്ടിച്ചുവെന്നാണ് കേസ്. ഇത് രജിസ്റ്റര്‍ ചെയ്തതാകട്ടെ 1978ലും. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ രണ്ടുപേരെയും കാണ്മാനില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമായിരുന്നു നേരത്തെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.

എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ കൗള്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടതായി വിവരം ലഭിച്ചു. 45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നതെന്നും, എന്നാല്‍ നിലവില്‍ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്നും അധികൃതര്‍ പറഞ്ഞു. ബച്ചുവിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version