രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഒരു രാജ്യം ഒരു ഭാഷ പ്രഖ്യാപനത്തിനെതിരെ സീതാറാം യെച്ചൂരി

രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

”ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്” അമിത് ഷാ ട്വീറ്റ് ചെയ്തു.

രാജ്യത്തിന് ഏക ഭാഷ എന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം സഫലമാവാന്‍ പ്രയത്നിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version