37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് പോയ വിഗ്രഹം കണ്ടെത്തിയത് ഓസ്‌ട്രേലിയയില്‍ നിന്ന്

ക്ഷിണ ഓസ്ട്രേലിയയിലെ ആര്‍ട്ട് ഗാലറിയില്‍ 19 വര്‍ഷമായി പ്രദര്‍ശിപ്പിച്ചുവരികയായിരുന്നു ഇത്.

ചെന്നൈ: 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു. തമിഴ്‌നാട് തിരുനെല്‍വേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാര്‍ ക്ഷേത്രത്തില്‍നിന്ന് മോഷണം പോയ വിഗ്രഹമാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടിയത്. ഓസ്‌ട്രേലിയയില്‍ നിന്നാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹത്തിന് 600 വര്‍ഷം പഴക്കവും 100 കിലോഗ്രാം തൂക്കവും ഉണ്ട്.

അന്വേഷണസംഘം തലവന്‍ ഐജി പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ തീവണ്ടിയില്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിഗ്രഹം എത്തിക്കുകയായിരുന്നു. എന്നാല്‍, നടരാജ വിഗ്രഹത്തിനൊപ്പം മോഷ്ടിച്ച പഞ്ചലോഹവിഗ്രഹങ്ങളായ ശിവകാമി, മാണിക്കവാസകര്‍, ശ്രീബലിനായകര്‍ എന്നിവ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച വിഗ്രഹത്തില്‍ പ്രത്യേക പൂജചെയ്യാന്‍ കള്ളിടൈകുറിച്ചി ക്ഷേത്രത്തില്‍നിന്ന് പൂജാരിമാരും സഹായികളും എത്തിയിരുന്നു. ദര്‍ശനത്തിനായി നൂറുകണക്കിന് ഭക്തരും തടിച്ചു കൂടി. ശേഷം, വിഗ്രഹം കുംഭകോണത്തെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയില്‍നിന്ന് ക്ഷേത്രാധികൃതര്‍ക്ക് കൈമാറും.

മോഷണം പോയ സമയത്ത് ലോക്കല്‍ പോലീസ് ആണ് അന്വേഷണം നടത്തി വന്നത്. എന്നാല്‍ വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോടതി പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഗ്രഹം ഓസ്ട്രേലിയയിലേക്ക് കടത്തിയതായി കണ്ടെത്തിത്. ദക്ഷിണ ഓസ്ട്രേലിയയിലെ ആര്‍ട്ട് ഗാലറിയില്‍ 19 വര്‍ഷമായി പ്രദര്‍ശിപ്പിച്ചുവരികയായിരുന്നു ഇത്. വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിലേതാണെന്നും പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പൊന്‍മാണിക്കവേല്‍ ഓസ്ട്രേലിയന്‍ അധികൃതരെ അറിയിച്ചു. തെളിവുകളും ഹാജാരാക്കി. തുടര്‍ന്നാണ് വിഗ്രഹം വിട്ടുകൊടുത്തത്.

Exit mobile version