നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ചു; ആടുകളെ അറസ്റ്റ് ചെയ്തു, 1000 രൂപ പിഴയടയ്ക്കാന്‍ ഉടമസ്ഥനോട് പോലീസ്, ഒപ്പം ഉപദേശവും

900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്.

ഹൈദരാബാദ്: ചെടി തിന്നു നശിപ്പിച്ച ആടിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ സംഭവം നടന്നത്. സേവ് ദി ട്രീ അസോസിയേഷന്‍ നട്ടുപിടിപ്പിച്ച മരച്ചെടികള്‍ തിന്നു നശിപ്പിച്ച ആടുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഫൈന്‍ അടപ്പിച്ച ശേഷമാണ് ആടുകളെ ഉടമസ്ഥന് വിട്ടുനല്‍കിയത്.

ഒപ്പം മൃഗങ്ങള്‍ക്ക് വീട്ടിലിട്ട് തീറ്റ നല്‍കാന്‍ ഉടമസ്ഥനെ പോലീസ് ഉപദേശിക്കുകയും ചെയ്തു. നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ പ്രതിനിധികളാണ് പോലീസിനെ സമീപിച്ചത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്.

എന്നാല്‍ ഇതില്‍ 250 എണ്ണത്തോളം ചെടികള്‍ ആടുകള്‍ തിന്ന് നശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആടുകളെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ രാജ എന്നയാളുടേതാണ് ആട്. ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി ഫൈന്‍ അടച്ച ശേഷമാണ് ആടുകളെ തിരികെ കൊണ്ടു പോയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version