പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു; സമ്മാന തുക നമാമി ഗംഗ പദ്ധതിയ്ക്ക്

2700 അധികം സമ്മാനങ്ങളാണ് ലേലത്തില്‍ വെക്കുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കിട്ടിയ സമ്മാനങ്ങള്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ലേലം ചെയ്യുന്നു. സെപ്തംബര്‍ 14ാം തീയതി ശനിയാഴ്ചയാണ് സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പനെയെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല് പറഞ്ഞു. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് സമ്മാനങ്ങള്‍ വില്‍ക്കുന്നത്.

2700 അധികം സമ്മാനങ്ങളാണ് ലേലത്തില്‍ വെക്കുന്നത്. 200 മുതല്‍ രണ്ടരലക്ഷം രൂപ വരെയാണ് സമ്മാനങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. വില്‍പ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഓണ്‍ലൈന്‍ വഴി നല്‍കും.

മുമ്പും പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലം ചെയ്തിരുന്നു. 2014 മുതല്‍ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങള്‍ മൂന്നു മാസത്തോളം പ്രദര്‍ശനത്തിന് വച്ചശേമാണ് ലേലത്തിന് വിറ്റത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ലേലത്തില്‍ രണ്ടാഴ്ച കൊണ്ട് അവ വിറ്റുപോയി.

കഴിഞ്ഞ തവണ 1800 ലേറെ സമ്മാനങ്ങളാണ് ലേലത്തില്‍ വെച്ചിരുന്നത്. അതില്‍ നിന്നും ലഭിച്ച തുക ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ചിലവഴിച്ചിരുന്നു. വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവയായിരുന്നു ലേലത്തിന് വെച്ചത്.

Exit mobile version