ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തി, ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി; ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

ബംഗലൂരു: ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ലാന്‍ഡിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. അതേസമയം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും ആശവിനിമയം സാധ്യമായിട്ടില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്രമിന്റെ തെര്‍മ്മല്‍ ചിത്രം മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. മാന്‍സിനസ് സി സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയില്‍ വിക്രമിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് ഇത് വരെ ഇസ്റോ അറിയിച്ചിട്ടില്ല. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത പതിനാല് ദിവസങ്ങളിലും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇസ്റോ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയായിരുന്ന വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലത്തില്‍ വെച്ച് നഷ്ടമാവുകയായിരുന്നു. ലക്ഷ്യത്തിന്റെ അവസാനഘട്ടത്തില്‍ വെച്ചാണ് സിഗ്‌നലുകള്‍ നഷ്ടമായത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ചെയര്‍മാന്‍ ഡോ കെ ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചിരുന്നു.

Exit mobile version