‘ഞാന്‍ ജോലിയില്ലാതെ അലഞ്ഞ് തിരിയുമ്പോള്‍ നീ രക്ഷപ്പെടേണ്ട’ സുഹൃത്ത് കാനഡയിലേയ്ക്ക് പോകുന്ന ദേഷ്യത്തില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച് യുവാവ്

മോശം പദപ്രയോഗങ്ങള്‍ നടത്തി മെയില്‍ അയച്ചിട്ടും അത് മറികടന്ന് വിസ എത്തി.

ഹൈദരാബാദ്: ബാല്യകാല സുഹൃത്ത് ജോലി കിട്ടി കാനഡയിലേയ്ക്ക് പോകുന്നതില്‍ അസൂയ മൂത്ത് വിമാനത്താവളത്തിലേയ്ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച് യുവാവ്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്കാണ് യുവാവ് വ്യാജ ഭീഷണി സന്ദേശം അയച്ചത്. സംഭവത്തില്‍ 24കാരനായ എംടെക് വിദ്യാര്‍ത്ഥി കട്‌റജു ശശികാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

താന്‍ ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോള്‍ തന്റെ ബാല്യകാല സുഹൃത്ത് സായ്‌റാം തുടര്‍പഠനത്തിനായി കാനഡയിലേക്ക് പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറയുന്നു. കാനഡ ഇമിഗ്രേഷന്‍ ഓഫീസിലേക്ക് സായ്‌റാമിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം അയച്ച് നേരത്തെ തന്നെ ഇയാള്‍ സുഹൃത്തിന്റെ കാനഡ യാത്ര തടയാന്‍ ശ്രമിച്ചിരുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തി മെയില്‍ അയച്ചിട്ടും അത് മറികടന്ന് വിസ എത്തി. ഇതോടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്.

കട്‌റജു തന്റെ മൊബൈല്‍ ഫോണില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ഒരു വ്യാജ ബോംബ് ഭീഷണി ഇമെയില്‍ ചെയ്തു. ഭീഷണി സന്ദേശത്തില്‍ സുഹൃത്തിന്റെ ഇമെയില്‍ അഡ്രസും മൊബൈല്‍ നമ്പരും ഇയാള്‍ ഉള്‍പ്പെടുത്തിയിരുന്നു. സുഹൃത്തിനെ പോലീസ് പിടിക്കണമെന്ന് കണക്കുകൂട്ടിയാണ് ഇയാള്‍ തന്റെ വിവരങ്ങള്‍ മറച്ച് വെച്ച് സുഹൃത്തിന്റെ പേര് ചേര്‍ത്തത്. എന്നാല്‍ ഐപി അഡ്രസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പോലീസ് കട്‌റജുവിനെ പിടികൂടുകയായിരുന്നു.

Exit mobile version