രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി വി എപ്പിക് തീയ്യേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിനുള്ളത്

സൂലൂര്‍പ്പേട്ട്: രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുള്ള വി എപ്പിക് തീയ്യേറ്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആന്ധ്രപ്രദേശിലെ സൂലൂര്‍പ്പേട്ടിലാണ് ഡിജിറ്റല്‍ സാങ്കേതിക സംവിധാനമുള്ള സിനിമാ തീയ്യേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിനുള്ളത്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്‌ക്രീനുള്ള വി എപ്പിക് തീയേറ്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച തെലുങ്ക് യുവതാരം രാംചരണ്‍ നിര്‍വ്വഹിച്ചു.

പ്രഹാസ് നായകനായെത്തുന്ന സഹോയാണ് തീയ്യേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. 4-കെ സംവിധാനത്തിലുള്ള സ്‌ക്രീനും ആര്‍ജിബി റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളുമാണ് തീയ്യേറ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ക്രമീകരിച്ചിരിക്കുന്നത് ക്യൂബ് സിനിമാസാണ്.

ഹോം തീയ്യേറ്റര്‍ സംവിധാനത്തിന് ഒരുക്കാന്‍ കഴിയാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്‌ക്രീനോടുകൂടിയ തിയേറ്ററുകളില്‍ ഉണ്ടാവുകയെന്ന് ക്യൂബ് സിനിമാസ് സിഇഒ ഹര്‍ഷ് റോഹ്തഗി പറയുന്നു. തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന ചെറുപട്ടണമായ സൂലൂര്‍പ്പേട്ടയിലാണ് വിഎപ്പിക് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്.

മൂന്നുസ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്സായിട്ടാണ് ഇവിടെ വിഎപ്പിക് തീയ്യേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. അവയില്‍ ഒന്നിനാണ് നൂറടി വീതിയുള്ള സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരേ സമയം 625 പേര്‍ക്ക് സിനിമ കാണാനുള്ള സംവിധാനമാണ് തീയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

Exit mobile version