എയര്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് നിരോധനം

ന്യൂഡല്‍ഹി: ഇനി മുതല്‍ എയര്‍ഇന്ത്യയും പരിസ്ഥിതി സൗഹൃദത്തില്‍ പങ്കുച്ചേരുകയാണ്. ഒക്ടോബര്‍ രണ്ട് മുതല്‍ എയര്‍ഇന്ത്യ വിമാനങ്ങളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കില്ല. നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പുകള്‍, സ്‌ട്രോ, പാത്രം, കുപ്പികള്‍, എന്നിവയാണ് പൂര്‍ണമായും നിര്‍ത്തലാക്കുന്നത്. ഈ പദ്ധതി ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്, അലൈന്‍സ് വിമാനങ്ങളിലായിരിക്കും നടപ്പാക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടമായി എയര്‍ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും നടപ്പാക്കും.

പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഭാരംകുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലായിരിക്കും ഭക്ഷണം വിളമ്പുക. കഴിക്കാന്‍ തടികൊണ്ട് നിര്‍മ്മിച്ച സ്പൂണുകളും നല്‍കും. 200 മില്ലിയുടെ കുടിവെള്ളം നിര്‍ത്തലാക്കും. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ളം പേപ്പര്‍ കപ്പുകളില്‍ നല്‍കും.

പ്ലാസ്റ്റിക് ചായക്കപ്പുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കും. പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സാന്‍ഡ്വിച്ച് ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ ഇനി ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞാകും ലഭിക്കുക. സ്വാതന്ത്ര്യദിന പ്രസംഗത്തിലും മന്‍ കി ബാത്തിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ രണ്ട് മുതല്‍ ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. ഇതിനുപിന്നാലെയാണ് വിമാനങ്ങളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ എയര്‍ഇന്ത്യ തീരുമാനമെടുത്തത്.

Exit mobile version