ഊട്ടിയില്‍ പൈതൃക ട്രെയിനില്‍ സെല്‍ഫിക്ക് നിയന്ത്രണം

മറയൂര്‍: ഊട്ടിയില്‍ പൈതൃക ട്രെയിനില്‍ സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച മേട്ടുപ്പാളയം-ഊട്ടി ട്രെയിനിലാണ് സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലിക്കാത്തവര്‍ക്ക് 2000 രൂപയാണ് പിഴ.

അവധിക്കാലം ആയതിനാല്‍ സഞ്ചാരികളുടെ തിരക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ നീലഗിരി മലനിരകളില്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇതിലെ യാത്രക്കാര്‍ അധികവും വിനോദസഞ്ചാരികളാണ്.

ട്രെയിന്‍ മലകയറുമ്പോള്‍ പത്ത് കിലോമീറ്റര്‍ മാത്രമായിരിക്കും വണ്ടിയുടെ വേഗത. ഈ സമയത്ത് യാത്രക്കാര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് അപകടങ്ങള്‍ വരുത്താതിരിക്കാനുള്ള മുന്‍കരുതല്‍ ആയിട്ടാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ ട്രെയിന്‍ വരുന്ന സമയത്ത് പാളത്തില്‍ കയറിയാല്‍ ആയിരം രൂപയും മാലിന്യം തള്ളിയാല്‍ അഞ്ഞൂറ് രൂപയും പാളത്തിലോ പരിസരങ്ങളിലോ തുപ്പിയാല്‍ ഇരുന്നൂറ് രൂപയും പിഴ ഈടാക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരെ ഈ പുതിയ ഉത്തരവ് സംബന്ധിച്ച് ബോധ്യപ്പെടുത്തുന്നതിനായി ഊട്ടി, കേത്തി, കുന്നൂര്‍, മേട്ടുപ്പാളയം, കല്ലാര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വിവരങ്ങള്‍ റെയില്‍വേ പരസ്യപ്പെടുത്തിയിട്ടുണ്ട്.

Exit mobile version