ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുമായി കേന്ദ്രസര്‍ക്കാര്‍; ‘സുവിധ’ നാപ്കിനുകളുടെ വിതരണം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി

4 നാപ്കിനുകളുടെ ഒരു പായ്ക്കറ്റിന് 4 രൂപ കൊടുത്താല്‍ മതിയാകും.

ന്യൂഡല്‍ഹി; ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. മണ്ണില്‍ അഴുകിച്ചേരുന്ന ‘സുവിധ’ നാപ്കിനുകളാണ് ഒരു രൂപയ്ക്കു ലഭിക്കുക. 4 നാപ്കിനുകളുടെ ഒരു പായ്ക്കറ്റിന് 4 രൂപ കൊടുത്താല്‍ മതിയാകും. നിലവില്‍ 10 രൂപയുള്ള നാപ്കിനാണ് നാല് രൂപയ്ക്ക് നല്‍കുന്നത്.

ഉല്‍പാദനച്ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായതോടെയാണ് ഒരു രൂപയ്ക്ക് നാപ്കിന്‍ വില്‍ക്കാന്‍ സാധിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി മന്‍സുഖ് മണ്ടാവിയ പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള 5,500 ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാണ്. നാപ്കിനുകളുടെ വില 60 ശതമാനം കുറച്ചുവെന്നും, 2019 പൊതുതെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം ഇതോടെ പാലിച്ചുവെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നതിനുള്ള പദ്ധതി 2018 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 2.2 കോടി സുവിധ നാപ്കിനുകള്‍ ജന്‍ ഔഷധിയിലൂടെ വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്.

Exit mobile version