ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് എല്ലായ്പ്പോഴും ഗുണം ചെയ്യില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. മോഡി ചെയ്ത കാര്യങ്ങള്‍ നമ്മള് അംഗീകരിക്കാനുള്ള സമയം ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയനിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡ്ഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് ജയറാം രമേഷ് ഇത്തരത്തില്‍ പ്രതികരിച്ചത്.
മോഡി അധികാരത്തില്‍ എത്തിയ 2014 മുതല്‍ 2019 വരെ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കാനുള്ള സമയമായി. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത് എന്നാണ് ജയറാം രമേശ് ചടങ്ങില്‍ പറഞ്ഞത്.
മോഡി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണെന്നും ഭൂതകാലത്ത് ആരും ചെയ്യാതിരുന്നതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഇതിനോടകം ചെയ്തെന്ന കാര്യം നമ്മള് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ മോഡിയെ നേരിടാന്‍ നമുക്ക് കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ ജനസമ്മിതിയ്ക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് പാചകവാതക കണക്ഷന് നല്‍കുന്നതിനായി ആരംഭിച്ച ഉജ്ജ്വല യോജന എന്ന പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ കോടിക്കണക്കിന് സ്ത്രീകളുടെ പിന്തുണലഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. യുപിഎ മന്ത്രിസഭയിലെ ഗ്രാമവികസനമന്ത്രിയായിരുന്ന ജയറാം രമേശ് അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദന് കൂടിയാണ്.






