ആചാര വെടിപ്പൊട്ടിക്കാന്‍ മുകളിലേയ്ക്ക് ഉയര്‍ത്തി കാഞ്ചി വലിച്ചു, ഒന്നു പോലും പൊട്ടാതെ ബിഹാര്‍ പോലീസിന്റെ തോക്ക്; നാണം കെട്ടത് മുന്‍ മുഖ്യമന്ത്രിയുടെ സംസ്‌ക്കാര ചടങ്ങിനിടെ

മിശ്രയുടെ ജന്മദേശമായ സോപോളിലെ ബലുവ ബസാറിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

പട്‌ന; ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ സംസ്‌കാര ചടങ്ങില്‍ നാണം കെട്ട് ബിഹാര്‍ പോലീസ്. ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വെടിപ്പൊട്ടിക്കാന്‍ തോക്ക് ഉയര്‍ത്തിയപ്പോള്‍ ഒരു തോക്കില്‍ നിന്ന് പോലും വെടിപ്പൊട്ടിയില്ല. ഇതാണ് ബിഹാര്‍ പോലീസിനെ വെട്ടിലാക്കിയത്.

എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ് ബുധനാഴ്ച മിശ്രയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. എന്നാല്‍ പോലീസുകാരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ മാത്രം പൊട്ടിയില്ല. മിശ്രയുടെ ജന്മദേശമായ സോപോളിലെ ബലുവ ബസാറിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

ആചാരവെടിയുതിര്‍ക്കാന്‍ പോലീസുകാര്‍ തോക്കുകള്‍ ഉയര്‍ത്തുകയും കാഞ്ചി വലിക്കുകയും ചെയ്തു. പക്ഷേ ഒന്നില്‍ നിന്നു പോലും ശബ്ദമുയര്‍ന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ഉന്നത പോലീസുദ്യോഗസ്ഥന്‍ പോലീസുകാരുടെ കൈയിലെ തോക്കുകള്‍ പരിശോധിക്കുന്നതും വീഡിയോയിലുണ്ട്.

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഇത്തരത്തിലൊരു ഗുരുതരപിഴവ് ഉണ്ടായത്. സംഭവത്തില്‍ ജില്ലാ പോലീസ് അധികാരികളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു.

Exit mobile version