ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

എക്‌സിക്യുട്ടീവ് മുതല്‍ മാനേജര്‍മാര്‍ വരെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്

ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസില്‍ 200 ഓളം ജീവനക്കാരെ പിരിച്ചിവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. എക്‌സിക്യുട്ടീവ് മുതല്‍ മാനേജര്‍മാര്‍ വരെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് വന്‍ കുതിപ്പാണ് ഒയോ നേടിയത്. ഒയോ യുടെ ഡല്‍ഹി ഓഫീസില്‍ നിന്ന് 60 ജീവനക്കാരെ തിങ്കളാഴ്ച പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. വരുംദിവസങ്ങളില്‍ മുംബൈയിലെയും പുണെയിലെയും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു മാസത്തെ നോട്ടീസ് കാലാവധി അനുവദിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസാണ് പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

പ്രതി വര്‍ഷം 4.5 മടങ്ങ് വളര്‍ച്ചയാണ് കമ്പനി നേടുന്നത്. ഇത്തവണയും പതിവു പോലെ വളര്‍ച്ച നേടുമെന്നും മൂവായിരത്തോളം പേരെ ഈ വര്‍ഷം നിയമിക്കുമെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു. അതേസമയം കേരളത്തിലെ ഹോട്ടലുടമകളില്‍ നിന്ന് ഒയോ അമിതമായ ചാര്‍ജ്ജുകള്‍ ഈടാക്കുന്നുണ്ടെന്ന് മുന്‍പേ ആരോപിച്ചതാണ്. ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് വിപണിയിലെ പ്രതികൂല സാഹചര്യത്തിലാവാമെന്നാണ് വിലയിരുത്തല്‍.

Exit mobile version