‘കഭീ കഭീ മേരേ ദില്‍മേ’ ഒരുപിടി നല്ല ഈണങ്ങള്‍ നല്‍കി ഖയ്യാം ലോകത്തോട് വിടപറഞ്ഞു

കരളിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്ത് ഒരുപിടി നല്ല ഈണങ്ങള്‍ സമ്മാനിച്ച സംഗീത സംവിധയാകന്‍ മുഹമ്മദ് സാഹുര്‍ ഖയ്യാം അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാത്രി ഒമ്പതരയോടെയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. കരളിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹിന്ദി ചലച്ചിത്രലോകത്ത് എണ്ണത്തില്‍ കുറവെങ്കിലും, സുന്ദരമായ ഒരു പിടി ഗാനങ്ങള്‍ക്ക് ഖയ്യാം ഈണം നല്‍കിയിട്ടുണ്ട്. കഭീ കഭീ, ഉംറാവ് ജാന്‍ എന്നിവ ഇന്നും പ്രേക്ഷക മനസുകളില്‍ തങ്ങി നില്‍ക്കുന്നവയാണ്. വിഖ്യാത ചിത്രം ഉംറാവ് ജാനിന് പുറമേ, സൂപ്പര്‍ ഹിറ്റ് ചിത്രം ‘കഭീ കഭീ’യിലെ ‘കഭീ കഭീ മേരേ ദില്‍ മേ’, ‘തേരെ ചെഹ്‌രേ സേ’ ‘ബസാറി’ലെ ‘ദിഖായി ദിയേ ക്യോം’, ‘നൂറി’യിലെ ‘ആജാ രേ’, ഉള്‍പ്പടെ നിരവധിയാണ് ഖയ്യാം സമ്മാനിച്ചിട്ടുള്ള ഈണങ്ങള്‍.

1961-ലെ ഷോലാ ഓര്‍ ശബ്‌നം എന്ന ചിത്രത്തിലൂടെയാണ് ഖയ്യാം പ്രശസ്തനായത്. ഉംറാവ് ജാനിന്റെ സംഗീതസംവിധാനത്തിന് ഖയ്യാമിനെ ദേശീയ ചലച്ചിത്ര പുരസ്‌കാരം തേടിയെത്തി. സംഗീത നാടക അക്കാദമിയുടെ ലൈഫ് ടൈം അവാര്‍ഡ് 2007-ല്‍ ഖയ്യാമിനായിരുന്നു. 2011-ല്‍ അദ്ദേഹത്തെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Exit mobile version