എന്താണ് റിട്ട് ഹര്‍ജിയും റിവ്യൂ ഹര്‍ജിയും തമ്മിലുള്ള വ്യത്യാസം?

സുപ്രീംകോടതി സമര്‍പ്പിച്ചിരിക്കുന്ന 49 റിവ്യൂ ഹര്‍ജികളും 3 റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് ഇന്നാണ്

തൃശൂര്‍: ശബരിമല യുവതി പ്രവേശന വിഷയത്തെ എതിര്‍ത്ത് സുപ്രീംകോടതി സമര്‍പ്പിച്ചിരിക്കുന്ന 49 റിവ്യൂ ഹര്‍ജികളും 3 റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് ഇന്നാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരിഗണിക്കുന്ന ഹര്‍ജികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ജനാധിപത്യ വാദികളും വിശ്വാസികളും രാഷ്ട്രീയക്കാരും തുടങ്ങുന്ന എല്ലാവരും.

സുപ്രീംകോടതി ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന ഉത്തരവ് വന്നതിനു ശേഷം കേരളം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായിരിക്കും റിട്ട് ഹര്‍ജിയും റിവ്യൂ ഹര്‍ജിയും. എന്താണ് റിവ്യൂ ഹര്‍ജിയും റിട്ട് ഹര്‍ജിയും തമ്മിലുള്ള വ്യത്യാസം?

എന്താണ് റിട്ട് ഹര്‍ജി?

ഭരണഘടനാബെഞ്ച് പറഞ്ഞ വിധിയെ ചോദ്യം ചെയ്യാതെ അതു നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളാണ് 3 റിട്ട് ഹര്‍ജികളില്‍ ഉന്നയിച്ചത്. ഭരണഘടനാബെഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹര്‍ജി സാധ്യമല്ല. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തില്‍ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.

പുനഃപരിശോധനാ ഹര്‍ജി

ഭരണഘടനാബെഞ്ച് സെപ്റ്റംബര്‍ 28ന് നല്‍കിയ വിധിയുടെ തിരുത്താണ് പുനഃപരിശോധനാ ഹര്‍ജികളിലെ ആവശ്യം. 3 സാഹചര്യങ്ങളിലാണ് റിവ്യൂ അനുവദിച്ച് കേസ് വീണ്ടും വാദത്തിന് പരിഗണിക്കുന്നത്. 1) ഹര്‍ജിക്കാര്‍ക്ക് അറിയില്ലാതിരുന്നതോ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതോ ആയ പുതിയ തെളിവു ലഭിക്കുമ്പോള്‍, 2) വിധിയില്‍ വ്യക്തമായ തെറ്റോ പിഴവോ ഉണ്ടെന്നു വ്യക്തമാകുമ്പോള്‍, 3) മതിയായ മറ്റേതെങ്കിലും കാരണം.

ആദ്യം കോടതി പരിഗണിക്കുക സമര്‍പ്പിച്ചിരിക്കുന്ന 49 റിവ്യൂ ഹര്‍ജികളായിരിക്കും. അതിനു ശേഷം മാത്രമാകും റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. നേരത്തെ റിട്ട് ഹര്‍ജികള്‍ ആദ്യം പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

Exit mobile version