ദേവി പ്രസാദിക്കാന്‍ വിശ്വാസികള്‍ തമ്മില്‍ കല്ലേറ്; പത്തു മിനിറ്റുള്ളില്‍ പരിക്കേറ്റത് 120ഓളം പേര്‍ക്ക്

ക്ഷേത്ര അങ്കണത്തിലാണ് വിശ്വാസികള്‍ പരസ്പരം ശക്തമായ കല്ലേറ് നടത്തിയത്.

ചമ്പാവത്: ദേവി പ്രസാദിക്കുവാന്‍ വേണ്ടി പരസ്പരം കല്ലെറിഞ്ഞ് വിശ്വാസികള്‍. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് ഈ വിചിത്ര ആചാരം നടന്നത്. കല്ലേറ് ഉത്സവത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പത്തുമിനിറ്റ് നടത്തിയ കല്ലേറിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റത്.

ദേവിധുര ക്ഷേത്രത്തില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന ബഗ്വല്‍ എന്ന രക്തം ചിന്തുന്ന ഉല്‍സവത്തിനിടെയാണ് സംഭവം. ക്ഷേത്ര അങ്കണത്തിലാണ് വിശ്വാസികള്‍ പരസ്പരം ശക്തമായ കല്ലേറ് നടത്തിയത്.

എല്ലാ വര്‍ഷവും രക്ഷാ ബന്ധന്‍ ദിവസമാണ് ഈ വിചിത്ര ഉല്‍സവം നടക്കുന്നത്. നാല് പ്രാദേശിക ജന്മിമാരുടെ നേതൃത്വത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞാണ് പരസ്പരം കല്ലെറിയുന്നത്. ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യബലിക്കു പകരമായാണ് വിശ്വാസികള്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം ചിന്തുന്നതെന്നാണ് വിവരം. മനുഷ്യ ബലിക്ക് തുല്യമായ അളവില്‍ രക്തം നിലത്തു വീഴ്ത്തണമെന്നാണ് ആചാരം.

Exit mobile version