ആ ഡ്രൈവറെ സഹായിച്ചു, അത് ധീരതയാണോ എന്ന് അറിയില്ല; പ്രളയജലത്തിലൂടെ പാഞ്ഞ് ആംബുലന്‍സിന് വഴികാണിച്ച മിടുക്കന്‍ പറയുന്നു

വീട് വെള്ളത്തില്‍ മുങ്ങിയതോടെ വെങ്കിടേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയിരുന്നു.

ബംഗളൂരു: ‘ഞാന്‍ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. ആ ഡ്രൈവറെ സഹായിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ധീരത എന്നൊക്കെ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല” പ്രളയജലത്തിലൂടെ പാഞ്ഞ് ആംബുലന്‍സിന് വഴികാണിച്ച മിടുക്കന്റെ വാക്കുകളാണിത്. കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങള്‍ തേടി നടന്നത് ഈ ബാലനെയായിരുന്നു. ഒടുവില്‍ ആ മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ്.

ഹിരെരായണകുംബെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വെങ്കിടേഷ് ആണ് ആ ധീരത കാണിച്ച മിടുക്കന്‍. ഇപ്പോള്‍ വെങ്കടേഷ് ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ്. അപ്പോഴും താന്‍ ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ല എന്നാണ് വെങ്കിടേഷ് പറയുന്നത്. അതിന് കാരണവും ഉണ്ട്. വെങ്കിടേഷ് ആദ്യമായി അല്ല ഇത്തരത്തിലുള്ള സാഹസികതയും നന്മയും ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് പുഴയില്‍ വീണ സ്ത്രീയെ വെങ്കിടേഷ് രക്ഷപ്പെടുത്തിയിരുന്നു. കര്‍ഷക കുടുംബമാണ് വെങ്കിടേഷിന്റേത്.

വീട് വെള്ളത്തില്‍ മുങ്ങിയതോടെ വെങ്കിടേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയിരുന്നു. എന്നാല്‍ ക്യാംപിലും വെള്ളം കയറിയതോടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറുകയായിരുന്നു. ദേവദുര്‍ഗയാദ്ഗിര്‍ റോഡിന് സമീപമുള്ള തടാകത്തിന് കുറുകെയുള്ള പാലത്തില്‍ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഇതിനിടയിലാണ് ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയത്.

ഇതു കണ്ട വെങ്കിടേഷ് പാലത്തിലേക്ക് ഓടി. അപകടമാണെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവയെല്ലാം തള്ളിയാണ് സാഹസികതയ്ക്ക് മിടുക്കന്‍ മുതിര്‍ന്നത്. ആംബുലന്‍സ് ഡ്രൈവറോട് തന്നെ പിന്തുടരാന്‍ വെങ്കിടേഷ് ആവശ്യപ്പെട്ടു. യുവതിയുടെ മൃതദേഹവുമായി പോകുകയായിരുന്നു ആംബുലന്‍സ്. ആറ് കുട്ടികളും ആംബുലന്‍സിലുണ്ടായിരുന്നു. സംസ്ഥാന ധീരതാ അവാര്‍ഡിനായി വെങ്കടേഷിനെ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version