കാശ്മീരിലെ വിഭജനത്തിന് പിന്തുണ; ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍ ചേര്‍ന്നു

ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തുവാന്‍ ഇവര്‍ മറന്നില്ല.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തുവാന്‍ ഇവര്‍ മറന്നില്ല. 2019ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിംഗ് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പാര്‍ട്ടിയുടെ സ്‌പോര്‍ട്‌സ് സെല്‍ തലവന്റെ ചുമതല നല്‍കിയെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. ഡെപ്യൂട്ടി എസ്പിയാക്കി ഉയര്‍ത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജോലി രാജിവച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

Exit mobile version