ജീവന്‍ നിലനിര്‍ത്താന്‍ നെട്ടോട്ടം ഓടി ജനങ്ങള്‍; ബോട്ടില്‍ കയറി സെല്‍ഫി എടുത്ത് ബിജെപി മന്ത്രി, വിവാദമായതോടെ സാഹസികമായി നീന്തുന്ന വീഡിയോ പങ്കുവെച്ച് ‘അടവ്’

പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ന്യൂഡല്‍ഹി: പ്രളയത്തില്‍ നിന്ന് കരകയറാന്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടുകയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ബോട്ടില്‍ കയറി സെല്‍ഫി എടുത്ത ബിജെപി മന്ത്രി ഗിരീഷ് മഹാരാജന്‍ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ആളുകള്‍ മരണഭയം മൂലം രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബിജെപി മന്ത്രിയുടെ സെല്‍ഫി എത്തുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായി എന്ന മനസിലായതോടെ അടുത്ത വീഡിയോ ഇറക്കി തടിത്തപ്പാന്‍ ശ്രമം നടത്തിയിരിക്കുകയാണ്.

പുഴയില്‍ നീന്തി സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് നീന്തുന്ന വീഡിയോ പങ്കുവെച്ചത്. മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയില്‍ വെച്ചാണ് ഗിരീഷ് മഹാരാജന്‍ സെല്‍ഫിയും വീഡിയോയുമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവം ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ മന്ത്രി ബോട്ട് യാത്ര ആസ്വദിക്കുകയാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരമൊരു വിവാദമുണ്ടാക്കിയത് ബിജെപി നേതൃത്വത്തെയും കുഴപ്പിക്കുന്നുണ്ട്.

Exit mobile version