റെയില്‍വേ പ്‌ളാറ്റ്‌ഫോമിലൂടെ ശരവേഗത്തില്‍ പായിച്ച് ഓട്ടോറിക്ഷ; ആദ്യം അറസ്റ്റ്, ലക്ഷ്യം മനസിലാക്കിയപ്പോള്‍ കൈയ്യടിയും അനുമോദനങ്ങളും, വീഡിയോ

തന്റെ ഭാര്യയെ എങ്ങനെ എങ്കിലും ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചു.

മുംബൈ: റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ശരവേഗത്തില്‍ പാഞ്ഞെത്തുന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നിയമം ലംഘിച്ച് ആള്‍ തിരക്കിലൂടെ അപകടരമായ രീതിയില്‍ വാഹനം പായിച്ച ആളെ അറസ്റ്റ് ചെയ്യൂ, എന്നുള്ള വിമര്‍ശനങ്ങള്‍ ചൊരിയാന്‍ വരട്ടെ. ആ ഓട്ടപാച്ചില്‍ നടത്തിയത് വേദനകൊണ്ട് പുളയുന്ന ഒരു ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു.

മുംബൈ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പാസഞ്ചര്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു സ്ത്രീയും അവരുടെ ഭര്‍ത്താവും. കനത്തെ മഴയെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം വിരാര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഒരുപാട് വൈകി. ഇതിനിടയില്‍ സ്ത്രീക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഭര്‍ത്താവ് പരിഭ്രാന്തനായി. ഉടനെ സഹായം തേടി പുറത്തേയ്ക്ക് ഇറങ്ങി. ശേഷം യാത്രക്കാരെ കാത്ത് നിന്ന് ഓട്ടോ ഡ്രൈവര്‍ സാഗര്‍ കമാല്‍ക്കര്‍ ഗവാദിന്റെ സഹായം തേടി. തന്റെ ഭാര്യയെ എങ്ങനെ എങ്കിലും ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചു.

ഉടനെ ഗവാദ് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് നേരെ പ്ലാറ്റ്ഫോമിലേക്ക് കയറി സ്ത്രീ ഇരുന്ന കോച്ച് ലക്ഷ്യമാക്കി ഓടിച്ചു. ട്രെയിന്‍ കാത്ത് നിന്ന യാത്രികരെയും അമ്പരപ്പിച്ചായിരുന്നു ഓട്ടോറിക്ഷ പാഞ്ഞത്. സംഭവം അറിഞ്ഞ് പോലീസുകാരും ഓടിയെത്തി. പക്ഷേ അപ്പോഴേയ്ക്കും ഗവാദ് സ്ത്രീ ഇരുന്ന കോച്ചിനടുത്തെത്തി. അവരെ ഓട്ടോയില്‍ എടുത്ത് നേരെ സഞ്ജീവനി ആശുപത്രിയിലേക്ക് പാഞ്ഞു. ഓട്ടോ ദൗത്യം സമയോചിതമായിരുന്നു.

യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇരുവരും ആരോഗ്യകരമായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വൈകുന്നേരം ആയപ്പോള്‍ ഗവാദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. എന്നാല്‍ മാനുഷിക പരിഗണനയും നന്മയുമാണ് ഇതിന് പിന്നില്‍ എന്ന് മനസ്സിലാക്കി സ്റ്റേഷനിലെ പോലീസുകാരും അവിടെ എത്തിയവരും ഡ്രൈവറെ അനുമോദിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഗവാദിനെ മുന്നറിയിപ്പ് നല്‍കി മജിസ്ട്രേറ്റ് ജാമ്യത്തില്‍ വിട്ടു. ലക്ഷ്യം നല്ലതായിരുന്നെങ്കിലും നിയമം ലംഘിച്ചതിന് 154, 159 വകുപ്പുകള്‍ ഗവാദിന് മേല്‍ ചുമത്തിയിട്ടുണ്ട്.

Exit mobile version