ജമ്മു കാശ്മീര്‍ വിഷയം; ഭരണഘടന കീറാന്‍ ശ്രമിച്ച് പിഡിപി എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍, സ്വന്തം വസ്ത്രം വലിച്ചു കീറി പ്രതിഷേധം അറിയിച്ച് പിഡിപി എംപി മിര്‍ ഫയാസ്

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതില്‍ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച് പിഡിപി എംപിമാര്‍. പിഡിപി എംപി മിര്‍ ഫയാസ് സ്വന്തം വസ്ത്രം കീറിയാണ് പ്രതിഷേധിച്ചത്. ഇതോടെ പിഡിപി എംപിമാരെ രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യാ നായിഡു സഭയ്ക്ക് പുറത്താക്കി.

ഫയാസിനു പുറമേ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കാശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണ്ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ പാടെ തള്ളി കൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതില്‍ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

Exit mobile version