ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നീക്കങ്ങളെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് മുഫ്തി പറഞ്ഞു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും മുഫ്തി കുറ്റപ്പെടുത്തി.
കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടുവെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും മുഫ്തി ട്വീറ്റ് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിനെ വിഭജിക്കുന്ന ബില്ലും, അനുച്ഛേദം 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ യില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ അനുച്ഛേദം 370 രാഷ്ട്രപതിയുടെ പ്രത്യേക അധികാരം വച്ച് റദ്ദാക്കിയിരുന്നു.