കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ കശ്മീരില്‍ സൈനിക നടപടിയുടെ ഭാഗമായി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാവാനുള്ള സാഹചര്യത്തിലാണ് നടപടി.

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തീര്‍ഥാടന വഴിയില്‍ നിന്ന് സുരക്ഷാ സേന ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. ഭീകരാക്രമണം നടത്താന്‍ പാകിസ്താന്‍ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും, പഞ്ചാബിലും കനത്ത ജാഗ്ര്ത നിര്‍ദ്ദേശം നല്‍കി.

നടപടിക്രമങ്ങളുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സുരക്ഷിതമായി സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version