ടൂറിസ്റ്റ് ബസില്‍ സിമന്റ് കട്ടകളോ ? വീഡിയോ വൈറല്‍

ടൂറിസ്റ്റ് ബസില്‍ സിമന്റ് കട്ടകള്‍ കയറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കേരള രജിസ്ട്രേഷനിലുള്ള ബസിലേക്കാണ് കട്ടകള്‍ കയറ്റുന്നത് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ ബസ് റണ്ണിംഗ് കണ്ടീഷനില്‍ ഉള്ളതാണോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല സംഭവം നടന്ന സ്ഥലവും വ്യക്തമല്ല.

ബസുകളില്‍ സാധാരണയായി യാത്രക്കാരെയും ഇവരുടെ ലഗേജുകളുമാണ് കയറ്റുക. ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പ്രധാന വരുമാനം തന്നെ ഇത്തരം പാഴ്സലുകളാണെന്നൊരു ചൊല്ലുമുണ്ട്. എന്നാല്‍ ആളുകളും , ലഗേജുമല്ലാതെ സിമന്റ് കട്ട കയറ്റുന്നത് ഇത് ആദ്യമായാണ്.

നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. കല്ലും കട്ടയുമൊക്കെ കയറ്റുന്നത് ലോറികളും മറ്റുമാണെന്നിരിക്കെ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാണ് പലരുടെയും കമന്റ്. മോട്ടോര്‍വാഹന നിയമ പ്രകാരം കട്ട മാത്രമല്ല പാഴ്സലുകള്‍ കയറ്റുന്നതുപോലും തെറ്റാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്തായാലും വീഡിയോ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം യാത്രികരും ബസ് പ്രേമികളുമൊക്കെ.

Exit mobile version