ചെന്നൈ തീരം ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ 30 വര്‍ഷത്തിനുള്ളില്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന; ഞെട്ടലോടെ ശാസ്ത്ര ലോകം

2050 ഓടെ നിലവിലുള്ള കടല്‍ നിരപ്പില്‍ നിന്ന് ഏതാനും സെന്റിമീറ്റര്‍ ഉയരും എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്

ചെന്നൈ: കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും കണക്കിലെടുത്ത് പുതിയ സൂചന നല്‍കി ശാസ്ത്രലോകം. 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്നാണ് സൂചന.

2050 ഓടെ നിലവിലുള്ള കടല്‍ നിരപ്പില്‍ നിന്ന് ഏതാനും സെന്റിമീറ്റര്‍ ഉയരും എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. കടല്‍ തീരത്തുള്ള കുടിലുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ നിലകൊള്ളുന്ന സ്ഥലമാണ് ചെന്നൈ കടല്‍തീരം. എന്നാല്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നൂറ് കണക്കിന് കിലോമീറ്റര്‍ പ്രദേശമാകും അടുത്ത് 30 വര്‍ഷത്തിനുള്ളില്‍ കടല്‍ വിഴുങ്ങുക.

പെട്ടന്ന് ഉണ്ടാകുന്ന കാലാവസ്ഥ മാറ്റവും ചൂടുമാണ് കടല്‍ജലനിരപ്പുയരാനുള്ള ഒരു പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍നിരപ്പിലുണ്ടാകുന്ന ജലനിരപ്പ് വര്‍ധനവിന്റെ ആഘാതം കുറയ്ക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സയന്റിഫിക് കമ്മ്യൂണിറ്റി എന്ന കൂട്ടായ്മയാണ് ചെന്നൈ തീരം നേരിടുന്ന ഈ ഭീഷണിയെക്കുറിച്ച് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ കിഴക്കന്‍ തീരങ്ങളാണ് കടല്‍ വിഴുങ്ങാന്‍ സാധ്യത. കടലില്‍ നിന്നുള്ള ഇവയുടെ കുറഞ്ഞ അളവിലുള്ള ചരിവാണ് പെട്ടെന്നു കടല്‍ക്ഷോഭങ്ങള്‍ക്കുള്ള ഇരയാക്കി ഈ പ്രദേശത്തെ മാറ്റുന്നത്.

തിരുവള്ളൂര്‍, ചെന്നൈ, കാഞ്ചീപുരം, വില്ലുപുരം, ഗൂഡല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ , രാമനാഥപുരം, തൂത്തുക്കുടി, തിരുനല്‍വേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളാണ് കടല്‍നിരപ്പിലെ വര്‍ധനവു മൂലം ഏറ്റവുമധികം ഭീഷണി നേരിടുന്നത്.

Exit mobile version