പുല്‍വാമ ഭീകരാക്രമണം; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്, ഞങ്ങളെ ഒറ്റപ്പെടുത്താം എന്ന് ഇന്ത്യ കരുതേണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി

ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്.

മ്യൂണിച്ച്: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം ഞെട്ടലില്‍ നിന്ന് മുക്തമാവുന്നതേയൊള്ളൂ. കണ്ണീരും രോഷവും അടക്കാനാകാതെ നാലുപാടും പ്രതിഷേധങ്ങളും മറ്റും ശക്തമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളെ ഒറ്റപ്പെടുത്താനാകില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി.

പാകിസ്താനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും മന്ത്രി പറയുന്നു. ജര്‍മ്മന്‍ പര്യടനത്തിനിടെ ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന് പങ്കിലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്. അധികാരമേറ്റയുടന്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതാണ്.

അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാകിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധം തകര്‍ത്ത ആ രാജ്യത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മധ്യസ്ഥ്യം വഹിക്കുന്നതും പാകിസ്താനാണ്. പുല്‍വാമ ആക്രമണത്തിലൂടെ പാകിസ്താന് ഒന്നും നേടാനില്ലെന്ന് ഈ ലോകത്തിന് അറിയാമെന്നും ഖുറേഷി പറഞ്ഞു.

Exit mobile version