മുഖക്കുരു പൊട്ടിക്കരുത്; ചെയ്യേണ്ടത് ഇത്രമാത്രം

നമുക്കെല്ലാവര്‍ക്കും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തില്‍ മറികെടക്കാന്‍ ചില കുറുക്കുവഴികളുണ്ട്.

ചിലര്‍ക്ക് മുഖക്കുരു കാണുമ്പോഴേ അത് പൊട്ടിക്കാനുള്ള ആവേശമാണ്. സ്വന്തം മുഖത്തുണ്ടാകുന്നത് മാത്രമല്ല, വീട്ടിലെ എല്ലാവരുടെയും മുഖക്കുരു പൊട്ടിക്കുന്നത് ഹോബിയായി കൊണ്ടുനടക്കുന്നവര്‍ വരെയുണ്ട്. മിക്കപ്പോഴും ഈ ശീലം കാണുന്നത് പുരുഷന്മാരിലാണ്. മുഖത്തെ തൊലിയില്‍ പാടുകള്‍ വീഴുന്നത് ഭയന്ന് സ്ത്രീകള്‍ പൊതുവേ മുഖക്കുരു പൊട്ടിക്കാറില്ല. എങ്കിലും മുഖക്കുരു പൊട്ടിച്ചുകളയുന്ന സ്വഭാവമുള്ള സ്ത്രീകളുടെ എണ്ണം കുറവൊന്നുമല്ല.

ചുവന്ന് പഴുത്തത് ചുവന്ന് തീരെ ചെറുതായത്, തൊലിക്കടിയിലേക്ക് ആഴത്തിലിറങ്ങിയത്, നല്ല തോതില്‍ വേദനയുണ്ടാക്കുന്നവ- അങ്ങനെ പലതരത്തിലാണ് മുഖക്കുരുവുണ്ടാവുക. ഇതിലേതും പൊട്ടിക്കുന്നത് നല്ലതല്ലെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങള്‍ക്കാണ് വഴിവയ്ക്കുക, ഒന്ന് അണുബാധയും രണ്ട്, തൊലിയില്‍ അവശേഷിക്കുന്ന പാടുകളുമാണ്. എന്നാല്‍ മുഖക്കുരുവുള്ളവര്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്, അവയെതെല്ലാമെന്ന് നോക്കാം.

വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. നല്ല തോതില്‍ സുഗന്ധമുള്ള ക്ലെന്‍സറുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുന്നത് മുഖക്കുരുവുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഒരു പേപ്പറിലോ ടവലിലോ ഐസ് ക്യൂബ് ചുറ്റി മുഖത്ത് കുരുവുള്ള സ്ഥലങ്ങളില്‍ അഞ്ച് മുതല്‍ പത്ത് മിനുറ്റ് വരെ അമര്‍ത്തിവയ്ക്കുക. 10 മിനുറ്റിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇത് ചെയ്യാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാം.

ഇതുപോലെ തന്നെ ചൂട് വയ്ക്കുന്നതും മുഖക്കുരുവുണ്ടാക്കുന്ന വേദനയും, വീക്കവും കുറയ്ക്കാന്‍ സഹായകമാകും. ചൂടുള്ള വെള്ളത്തില്‍ മുക്കിയ വൃത്തിയുള്ള തുണി മുഖക്കുരുവുള്ളയിടങ്ങളില്‍ അമര്‍ത്തിവയ്ക്കുക. ഇത് 10 മുതല്‍ 15 മിനുറ്റുകള്‍ വരെ ചെയ്യാം. ഇടവേളകളെടുത്ത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഇത് ചെയ്യാവുന്നതാണ്.

Exit mobile version