പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ള സ്ത്രീ വിഭാഗത്തെ മാറ്റി നിര്‍ത്തി പുരുഷന്മാര്‍ക്ക് സദ്യ; കഴിച്ച് ബാക്കി വെച്ച ഇലകള്‍ ഉണങ്ങിയതിനു ശേഷം മാത്രം പ്രവേശനം! ഇത് കരുമ്പാറ മുത്തയ്യ ക്ഷേത്രത്തിലെ ‘ആചാരം’

വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ 50 ആടുകളെ ബലി നല്‍കി.

ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചയാകുമ്പോഴും വിവാദവും പ്രതിഷേധം കത്തുമ്പോഴും ചിലയിടങ്ങളിലെ ദുരാചാരം അങ്ങനെ തന്നെ നില്‍ക്കുകയാണ്. അറിയപ്പെടാത്തതിനാല്‍ പലതും അങ്ങനെ തന്നെ നില നിന്ന് പോരുകയും ചെയ്യുന്നു. പക്ഷേ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ് മധുര തിരുമംഗലത്തിന് സമീപം ഗ്രാമത്തിലെ കരുമ്പാറ മുത്തയ്യ ക്ഷേത്രത്തിലെ ആചാരം.

ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധ വരെയുള്ള സ്ത്രീവിഭാഗത്തെ മാറ്റി നിര്‍ത്തിയാണ് പുരുഷന്മാര്‍ക്ക് പ്രത്യേകമായി സദ്യയൊരുക്കുന്നത്. പരമ്പരാഗതമായി നടത്തിവരുന്ന പൂജാവിധികളാണ് ഇത്. വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ 50 ആടുകളെ ബലി നല്‍കി. ഇതിന്റെ ഇറച്ചി കൊണ്ട് ഭക്ഷണം പാകം ചെയ്തത് പുരുഷന്മാരാണ്.

ശനിയാഴ്ച രാവിലെ ഇറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടെ സമൃദ്ധമായ സദ്യ ഒരുക്കി. കറിവിരുന്ത് എന്നാണ് ഇതിന് പറയുന്നത്. ക്ഷേത്ര പരിസരത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഒരേസമയം നൂറുകണക്കിന് പുരുഷന്‍മാര്‍ നിലത്തിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിച്ചു. ഇല എടുത്തുമാറ്റാറില്ല. ഇലകള്‍ ഉണങ്ങിയതിന് ശേഷമേ സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താന്‍ അനുമതിയുളളൂ. അതാണ് ക്ഷേത്രാചാരം. ഇപ്പോള്‍ ശബരിമലയ്‌ക്കൊപ്പം ഈ ആചാരവും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വിവാദങ്ങളും പ്രതിഷേധങ്ങളും ഈ ആചാരങ്ങള്‍ക്കൊപ്പം ഉയരുന്നുണ്ട്.

Exit mobile version