‘ അഞ്ച് മണിക്കൂറെന്ന് കരുതി പുറപ്പെട്ടതാണ്, ക്ഷീണമല്ല, അഭിമാനമാണ് തോന്നിയത്’ ; വിലാപയാത്രയുടെ സാരഥികള്‍ പറയുന്നു

ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നുണ്ടായിരുന്നു. ഏറെ വൈകിയിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തിരുന്ന ജനങ്ങളുടെ ക്ഷമ കാരണമാകാം ഇത്രയും സമയം വണ്ടിയോടിച്ചിട്ടും ഒരു മടുപ്പും തോന്നിയില്ല. അവര്‍ പറയുന്നു.

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന ജനനേതാവിന് യാത്രാമൊഴി നല്‍കാന്‍ പതിനായിരണക്കണക്കിന് പേരാണ് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ കാത്തു നിന്നത്. ‘ഉമ്മന്‍ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് ഓരോ മനുഷ്യരും കണ്ണീരോടെ കാത്തുനിന്നത് നമുക്ക് മാധ്യമങ്ങളിലൂടെയും മറ്റും കാണുവാന്‍ സാധിച്ചു. 28 മണിക്കൂര്‍ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയില്‍ എത്തിയത്.

ഇപ്പോഴിതാ, ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര പുതുപ്പള്ളിയിലേയ്ക്ക് പുറപ്പെടുമ്പോഴും ഒരു തരി പോലും ക്ഷീണമില്ലാതെ അഭിമാനത്തോടെയാണ് വാഹനമോടിച്ചതെന്ന് പറയുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ തിരുവനന്തപുരം സ്വദേശി ശ്യാമും എറണാകുളം സ്വദേശി സി.വി.ബാബുവും. വിലാപയാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇവര്‍.

‘കോട്ടയം വരെയെത്തി മടങ്ങാന്‍ പത്തോ പതിനൊന്നോ മണിക്കൂര്‍ മതി. ഇനി രണ്ട് മണിക്കൂര്‍ കൂടുതലായാലും പ്രശ്‌നമില്ല എന്ന് കരുതിയാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ ആദ്യത്തെ നാലര കിലോമീറ്റര്‍ പിന്നിടാന്‍ തന്നെ മൂന്ന് മണിക്കൂര്‍ സമയമെടുത്തു. അതോടെ അടുത്ത ദിവസമെങ്കിലും എത്താന്‍ സാധിച്ചാല്‍ മതിയെന്നായി. ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തിയുടെ വിലാപയാത്രയില്‍ സാരഥിയാകാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്. മഴയും വെയിലും പരിഗണിക്കാതെ രാത്രി ഏറെ വൈകിയിട്ട് പോലും ഒരേ രീതിയില്‍ ജനപ്രവാഹമായിരുന്നു. ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നുണ്ടായിരുന്നു. ഏറെ വൈകിയിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കാത്തിരുന്ന ജനങ്ങളുടെ ക്ഷമ കാരണമാകാം ഇത്രയും സമയം വണ്ടിയോടിച്ചിട്ടും ഒരു മടുപ്പും തോന്നിയില്ല. അവര്‍ പറയുന്നു.

Exit mobile version