“രാജ്യത്ത് പണക്കാര്‍ പണക്കാരും ദരിദ്രര്‍ ദരിദ്രരുമായി തുടരുന്ന അവസ്ഥ” : മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമ്പത്തിക നയത്തെക്കുറിച്ച് മോഡി സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്ന് തുറന്നടിച്ച മന്‍മോഹന്‍ രാഷ്ട്രീയ നേതാക്കളെ ആലിംഗനം ചെയ്തതു കൊണ്ട് വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാകില്ലെന്നും ആരോപിച്ചു.

പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്റെ പ്രതികരണം. എല്ലാ കാര്യങ്ങള്‍ക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

“ഇന്നത്തെ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് കാലത്തെ സർക്കാറിന്റെ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക രംഗം ചുരുങ്ങി. വിലയും തൊഴിലില്ലായ്മയും വർധിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ രോഷമുണ്ട്. എന്നാൽ ഏഴു വർഷം ഭരിച്ചിട്ടും സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പടുത്തുകയാണ് സർക്കാർ.”

“ബിജെപി സര്‍ക്കാരിന് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ല. പണക്കാര്‍ പിന്നെയും പണക്കാരാവുകയും പാവപ്പെട്ടവര്‍ കൊടും പട്ടിണിയിലേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ മൂലമാണിത്. വിദേശ നയങ്ങളിലും സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ചൈന നമ്മുടെ പടിവാതില്ക്കലെത്തി. ഇതിനെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ ആലിംഗനം ചെയ്തതു കൊണ്ടോ അവരുടെ ഒപ്പം ബിരിയാണി കഴിച്ചതുകൊണ്ടോ വിദേശബന്ധങ്ങള്‍ മെച്ചപ്പെടില്ല. വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണ്. അവ പാലിക്കാനാണ് പ്രയാസം.” മന്‍മോഹന്‍ പറഞ്ഞു.

Exit mobile version