പ്രധാനമന്ത്രി ഡ്രോണോ തോക്കോ ഉപയോഗിച്ച് കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തോക്കോ ഡ്രോണോ ഉപയോഗിച്ച് പ്രധാനമന്ത്രി കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നാണ് സിങിന്റെ ആരോപണം.

ജനുവരി അഞ്ചിന് നടന്ന സംഭവത്തില്‍ വ്യക്തമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും ഉന്നതതലത്തില്‍ ശരിയായ അന്വേഷണം ഉണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇതിലുള്‍പ്പെട്ടേക്കാമെന്നും സിങ് ആരോപിച്ചു. “ഇത് യാജൃശ്ചികമായിരുന്നില്ല, മറിച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി ചെയ്തതാണ്. ഉന്നതതലത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല, മറ്റ് പലരുടെയും പങ്ക് വ്യക്തമാകും. പ്രധാനമന്ത്രി ഡ്രോണോ തോക്കോ ഉപയോഗിച്ച് കൊല്ലപ്പെട്ടേനെ. മഹാദേവന്റെ അനുഗ്രഹം കൊണ്ടാണ് അദ്ദേഹം രക്ഷപെട്ടത്.” സിങ് ട്വീറ്റ് ചെയ്തു.

ബുധനാഴ്ച ഫിറോസ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങിയത്. പതിനഞ്ച് മിനിറ്റോളം റോഡില്‍ കിടക്കേണ്ടി വന്നതിനെത്തുടര്‍ന്ന് മോഡി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയും സംഭവത്തില്‍ ബിജെപി വന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് ആഭ്യന്തരമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ രാഷ്ട്രപതി അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥനകളും നടന്നിരുന്നു.

Exit mobile version