ഇന്ത്യക്കാരാണെങ്കില്‍ കുറച്ചെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്ന് സൊമാറ്റോ ഏജന്റ് : മാപ്പ് പറഞ്ഞ് കമ്പനി

ചെന്നൈ : ഹിന്ദി അറിയാത്തതിനാല്‍ ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി സംസാരിച്ച വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ. ചെന്നൈ സ്വദേശിയായ വികാസ് ഉന്നയിച്ച പ്രശ്‌നത്തിലാണ് ട്വിറ്ററിലൂടെ പരസ്യമായി മാപ്പപേക്ഷിച്ച് സൊമാറ്റോ രംഗത്തെത്തിയിരിക്കുന്നത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരെണ്ണം കുറഞ്ഞതിനാല്‍ പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് വികാസ് കസ്റ്റമര്‍ കെയര്‍ ഏജന്റിനെ സമീപിച്ചത്. ഇതിന് മറുപടിയായായിരുന്നു ഏജന്റിന്റെ പ്രതികരണം. പണം തിരികെ ആവശ്യപ്പെട്ട് ഹോട്ടലിനെ ആണ് വികാസ് ആദ്യം ബന്ധപ്പെട്ടത്. ഹോട്ടലില്‍ വിളിച്ചപ്പോള്‍ പരാതി കൊടുക്കാനും സൊമാറ്റോയില്‍ നിന്ന് പണം വാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടലുകാര്‍ ഇക്കാര്യം സൊമാറ്റോയെ അറിയിച്ചിരുന്നില്ല.

തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ ഏജന്റ് പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ ഹോട്ടലുകാരെ വിളിച്ചു. പക്ഷേ തമിഴ് ഭാഷ അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസ്സിലായില്ല. ഇത് വികാസിനെ അറിയിച്ചപ്പോള്‍ തമിഴ് ഭാഷ അറിയുന്നവരെ തമിഴ് നാട്ടില്‍ ജോലിക്കെടുക്കണമെന്ന് വികാസ് മറുപടി പറഞ്ഞു. ഇതോടെയാണ് ഇന്ത്യക്കാരാണെങ്കില്‍ രാഷ്ട്രഭാഷയായ ഹിന്ദി അല്‍പമെങ്കിലും അറിഞ്ഞിരിക്കണമെന്ന് ഏജന്റ് പറഞ്ഞത്. തുടര്‍ന്ന് വികാസ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാവുകയും #rejectzomato എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുകയും ചെയ്തു. ഇതോടെയാണ് ക്ഷമാപണവുമായി സൊമാറ്റോ രംഗത്തെത്തിയത്.

ഏജന്റിന്റെ പെരുമാറ്റത്തില്‍ തങ്ങള്‍ മാപ്പ് ചോദിക്കുന്നുവെന്നും അടുത്ത തവണ മികച്ച രീതിയില്‍ ഭക്ഷണമെത്തിക്കാനുള്ള അവസരം നല്‍കണമെന്നും സൊമാറ്റോയെ ബഹിഷ്‌കരിക്കരുതെന്നും കമ്പനി ട്വീറ്റ് ചെയ്തു. കസ്റ്റമര്‍ കെയര്‍ ഏജന്റിനെ പിരിച്ചുവിടുമെന്നും സൊമാറ്റോ ആപ്പിന്റെ തമിഴ് പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും സൊമാറ്റോ അറിയിച്ചിട്ടുണ്ട്.

Exit mobile version