അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ കൈകടത്തുന്നു : കാബൂളില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധറാലി

Kabul | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളില്‍ കൈകടത്തുന്നുവെന്നാരോപിച്ച് കാബൂളില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധറാലി. പാക്കിസ്ഥാന്‍ അഫ്ഗാന്‍ വിട്ട് പോവുക എന്ന ബാനറുകളുമായായിരുന്നു പാക് എംബസിക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം. പഞ്ച്ഷീറില്‍ താലിബാനെ പാക്കിസ്ഥാനെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധസേനാ നേതാവ് അഹമ്മദ് മസൂദ് ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ്‌ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിന്ധി നിലനില്‍ക്കെ പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു. അധികാരത്തിന് വേണ്ടി സംഘടനയ്ക്കുള്ളില്‍ തന്നെ പോരാട്ടം ആരംഭിച്ചതോടെയാണ് പാക്കിസ്ഥാന്‍ പരസ്യമായിത്തന്നെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെട്ടത്.

നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്‍ നേതാക്കളായ ബറാദര്‍ വിഭാഗവും ഹഖാനി വിഭാഗവും പരസ്പരം വെടിവെയ്പ്പ് നടത്തിയിരുന്നു. ഇതില്‍ ബറാദറിന് പരിക്കേറ്റതായും അദ്ദേഹത്തെ പാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക
മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ സംഘം കാബൂളിലെത്തുന്നത്.

ഐഎസ്‌ഐ ചീഫ് മുല്ല ബറാദറുമായി കൂടിക്കാഴ്ച നടത്തിയത് താലിബാന്‍ വക്താവ് സൈബിഹുള്ള മുജാഹിദ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്‌ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറീന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ വേണ്ടി താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ രാജ്യം കീഴടക്കിയതിന് പിന്നാലെ നിരവധി സ്ത്രീകളാണ് ദിവസവും അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്നത്.

Exit mobile version