യുഎസ് പിന്‍വാങ്ങിയതിന് പിന്നാലെ ആദ്യ പ്രവിശ്യനഗരം കീഴടക്കി താലിബാന്‍ : അഫ്ഗാനിസ്ഥാനില്‍ ആശങ്ക വര്‍ധിക്കുന്നു

Terrorist | Bignewslive

കാബൂള്‍ : യുഎസ് ഉള്‍പ്പടെയുള്ള വിദേശസൈന്യങ്ങള്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്റെ മുന്നേറ്റം. നിംറസ് പ്രവിശ്യ തലസ്ഥാനമായ സാരഞ്ച് നഗരം താലിബാന്റെ അധികാരത്തിലായി എന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

താലിബാന്‍ കീഴടക്കുന്ന ആദ്യ പ്രവിശ്യനഗരമാണ് സാരഞ്ച്. നഗരം താലിബാന്റെ അധീനതയിലായെന്ന് ഡെപ്യൂട്ടി ഗവര്‍ണറാണ് ഔദ്യോഗികമായി അറിയിച്ചത്.അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്ത അതേ ദിവസമാണ് ഈ വാര്‍ത്തയും പുറത്തുവന്നത്.

കലാപകാരികളുടെ കടന്നു കയറ്റത്തിനെതിരെ പ്രതിരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സാരഞ്ചിന്റെ കീഴടങ്ങല്‍. താലിബാന് നേരെ നടത്തുന്ന വിമാനാക്രമണങ്ങള്‍ക്ക് പകരമായി അഫ്ഗാന്റെ ഉന്നതാധികാര ഭരണകൂടത്തെ തിരിച്ചാക്രമിക്കുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കലാപകാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംഭവത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ യോഗം ചേരും.ഹെല്‍മണ്ട പ്രവിശ്യയിലെ ലഷ്‌കര്‍ ഗാ നഗരവും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version