തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു; ഹരിത ട്രൈബ്യൂണിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

തൂത്തുക്കുടി മേഖലയിലെ കുടിവെള്ളം പോലും മലിനമായെന്നും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടികാട്ടി ചില പരിസ്ഥിതി സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ വേദാന്ത ഗ്രൂപ്പിന് അനുകൂലമായുള്ള തരുണ്‍ അഗര്‍വാള്‍ കമ്മിറ്റിയുടെ നിരീക്ഷണങ്ങളാണ് കമ്പനിക്ക് ഗുണകരമായത്

ചെന്നൈ: പോലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23നാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണല്‍ നിയോഗിച്ച തരുണ്‍ അഗര്‍വാള്‍ കമ്മീഷന്‍ വിലയിരുത്തല്‍.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പാലിക്കുന്നുണ്ടെന്നും മുന്‍ മേഘാലയ ചീഫ് ജസ്റ്റിസ് കൂടിയായ തരുണ്‍ അഗര്‍വാള്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കി. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച ഹരിത ട്രൈബ്യൂണല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെത് ന്യായീകരിക്കാനാകാത്ത നടപടിയെന്നും വിമര്‍ശിച്ചു. മൂന്ന് ആഴ്ച്ചയ്ക്കകം ഇരുമ്പ് അയിര്‍ ഖനനം തുടങ്ങാനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും തമിഴ്‌നാട് പരിസ്ഥിതി മലിനീകരണ ബോര്‍ഡിനോട് നിര്‍ദേശിച്ചു.

തൂത്തുക്കുടി മേഖലയിലെ കുടിവെള്ളം പോലും മലിനമായെന്നും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടികാട്ടി ചില പരിസ്ഥിതി സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ വേദാന്ത ഗ്രൂപ്പിന് അനുകൂലമായുള്ള തരുണ്‍ അഗര്‍വാള്‍ കമ്മിറ്റിയുടെ നിരീക്ഷണങ്ങളാണ് കമ്പനിക്ക് ഗുണകരമായത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ബദലായി മൂന്ന് വര്‍ഷം കൊണ്ട് തൂത്തുക്കുടി മേഖലയില്‍ വേദാന്ത ഗ്രൂപ്പ് 100 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ ജനകീയ പ്രക്ഷോപം കാരണം അടച്ച് പൂട്ടിയ കമ്പനി വീണ്ടും തുറക്കുന്നതോടെ പ്രദേശവാസികളുടെ പ്രക്ഷോപത്തിനും സാധ്യത ഏറുകയാണ്. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ച് ട്രൈബ്യൂണല്‍ ഉത്തരവ് മരവിപ്പിക്കാമെന്നാണ് എടപ്പാടി സര്‍ക്കാരിന്റെ പ്രതീക്ഷ.

Exit mobile version