‘മുരളീധരന്‍ കള്ളം പറയുന്നതോ അതോ കാര്യങ്ങളറിയാത്തതോ?; അറിയാത്തത് ആണെങ്കില്‍ മന്ത്രി നോക്കുകുത്തിയാണ്, അറിഞ്ഞാണെങ്കില്‍ അന്വേഷണം വഴി തെറ്റിക്കുകയാണ്’; വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകന്‍

തൃശ്ശൂര്‍: സ്വര്‍ണ്ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ രംഗത്ത് വന്നിരുന്നു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്നും യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ വി മുരളീധരന് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ കെ ആര്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കളവു പറഞ്ഞതായാലും കാര്യങ്ങളറിയാത്തതായാലും കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനത്തു തുടരാന്‍ വി.മുരളീധരന് അര്‍ഹതയില്ലെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.ബോധപൂര്‍വ്വം പറഞ്ഞ കളവായിരുന്നെങ്കില്‍ രാജ്യത്തെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ അന്വേഷണം വഴിതെറ്റിക്കാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രമിച്ചത്. ഭരണഘടനാ ലംഘനം നടത്തിയ വി മുരളീധരനെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്നും സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇനി അറിയാത്തതാണെങ്കില്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍, വിശിഷ്യ സ്വന്തം സംസ്ഥാനത്തെ സംബന്ധിക്കുന്നതായിട്ടു പോലും, അറിയാത്ത വി മുരളീധരന് മന്ത്രി പദവിയില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടമായിരിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി പദവിയില്‍ നിന്നും മാറ്റി, ചെറുപ്പത്തില്‍ പ്രധാനമന്ത്രി ചെയ്തുവെന്നവകാശപ്പെടുന്ന ജോലി ബിജെപി ഓഫീസില്‍ ചെയ്യാന്‍ ചുമതലപ്പെടുത്തുന്നതായിരിക്കും അനുയോജ്യം എന്നും അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ കെ ആര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

വി മുരളീധരന്‍ കള്ളം പറയുന്നതോ അതോ മന്ത്രിയ്ക്ക് കാര്യങ്ങളറിയാത്തതോ? കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് 2020 ജൂലൈ 8 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും BJP നേതാവുമായ വി മുരളീധരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

”വാസ്തവത്തില്‍ ഇതൊരു ഡിപ്ലോമാറ്റിക് ബാഗേജ് എന്നുള്ള നിലയിലുള്ള പരിരക്ഷയില്‍ പെടുന്നതല്ല’മുരളിധരന്റെ പ്രസ്താവന തെറ്റാണെന്നു തെളിയിച്ചു കൊണ്ടുള്ള നിലപാടുകളാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ കോടതികള്‍ മുമ്പാകെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ചത്.

കൊറോണക്കാലത്തു ചേര്‍ന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് (14.09.2020) കേരളത്തില്‍ നിന്നുള്ള മൂന്ന് UDF എം പിമാര്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

പ്രസ്തുത ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് ഇങ്ങനെ:’2020 ജൂലൈ മാസത്തില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന സംശയാസ്പദമായ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അവശ്യമായ നടപടികള്‍ക്കു ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന പ്രസ്തുത ബാഗേജ് പരിശോധിക്കാന്‍ കസ്റ്റംസ് അധികൃതര്‍ക്ക് അനുമതി നല്‍കി.’

വിവിധ അന്വേഷണ ഏജന്‍സികള്‍ കോടതി മുമ്പാകെയും കേന്ദ്ര ധനകാര്യ സഹമന്ത്രി രേഖാമൂലം പാര്‍ലമെന്റിലും ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങളും വി മുരളീധരന്റെ പ്രസ്താവനയും താരതമ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങള്‍ ഇങ്ങനെയാണ്:

1) പൊതു സമൂഹമോ മാധ്യമങ്ങളോ അറിയുന്നതിനു മുമ്പ്, കസ്റ്റംസ് അധികൃതര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായത്തിന് ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണ്ണക്കടത്ത് വിവരങ്ങള്‍ കൈമാറിയിട്ടും പൊതു സമൂഹത്തിനു മുമ്പില്‍ മാധ്യമങ്ങളിലൂടെ വി.മുരളീധരന്‍ കളവു പറഞ്ഞതെന്തിന്?

2) ഇനി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കളവു പറഞ്ഞതല്ലെങ്കില്‍, സ്വന്തം സംസ്ഥാനത്തു നടന്ന അതീവ ജാഗ്രതയര്‍ഹിക്കുന്ന ഒരു സംഭവത്തില്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ പോലും അറിയാത്ത നോക്കുകുത്തി മന്ത്രി മാത്രമാണോ ശ്രീ വി.മുരളീധരന്‍?

കളവു പറഞ്ഞതായാലും കാര്യങ്ങളറിയാത്തതായാലും കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനത്തു തുടരാന്‍ വി.മുരളീധരന് അര്‍ഹതയില്ല.

ബോധപൂര്‍വ്വം പറഞ്ഞ കളവായിരുന്നെങ്കില്‍ രാജ്യത്തെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ അന്വേഷണം വഴിതെറ്റിക്കാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രമിച്ചത്; ഭരണഘടനാ ലംഘനം നടത്തിയ വി മുരളീധരനെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം

ഇനി രണ്ടാമത്തേതാണെങ്കില്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍, വിശിഷ്യ സ്വന്തം സംസ്ഥാനത്തെ സംബന്ധിക്കുന്നതായിട്ടു പോലും, അറിയാത്ത വി മുരളീധരന് മന്ത്രി പദവിയില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടമായിരിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി പദവിയില്‍ നിന്നും മാറ്റി, ചെറുപ്പത്തില്‍ പ്രധാനമന്ത്രി ചെയ്തുവെന്നവകാശപ്പെടുന്ന ജോലി BJP ഓഫീസില്‍ ചെയ്യാന്‍ ചുമതലപ്പെടുത്തുന്നതായിരിക്കും അനുയോജ്യം.

നബി: അനില്‍ നമ്പ്യാര്‍ മേധാവിയായിരുന്ന കാലത്ത് ജനം ടിവി സംപ്രേക്ഷണം ചെയ്ത വി. മുരളീധരന്റെ പ്രതികരണവും നിര്‍മ്മല സീതാരാമന്‍ മന്ത്രിയായിരിക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്റിലെ മറുപടിയും ഇതോടൊപ്പം ചേര്‍ത്തു വെയ്ക്കുന്നു;

ബാക്കി ‘ജനം’ തീരുമാനിക്കട്ടെ!

അഡ്വ.സുഭാഷ് ചന്ദ്രന്‍

Exit mobile version