അര്‍ധരാത്രിയില്‍ വീടുകളിലും, പാര്‍ക്കിംഗ് ഏരിയകളിലും ആശുപത്രി വളപ്പുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റി സെയ് ദലിയും അലനും; അറസ്റ്റ്

കൊല്ലം: അര്‍ധരാത്രിയില്‍ ബൈക്കുകളില്‍ കറങ്ങി വീടുകളിലും കടകളുടെ പാര്‍ക്കിംഗ് ഏരിയകളിലും ആശുപത്രി വളപ്പുകളില്‍ നിന്നും പാര്‍ക്ക് ചെയ്തിട്ടുള്ള ഇരുചക്രവാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള മുള്ളുവിള മൈത്രി നഗര്‍ 20 കടകംപള്ളി വീട്ടില്‍ സെയ് ദലി (20), പട്ടത്താനം ചേരിയില്‍ മക്കാനിപീപ്പിള്‍സ് നഗര്‍ 102 മേഴ്‌സി വില്ലയില്‍ അലന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

രാത്രിയില്‍ മോഷ്ടിക്കുന്ന പെട്രോള്‍ രൂപമാറ്റംവരുത്തിയ ആഡംബര ബൈക്കുകളില്‍ ഒഴിച്ച് ശബ്ദമുണ്ടാക്കി നിരത്തുകളില്‍ കറങ്ങിയിരുന്ന സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. ഇവരില്‍ സെയ് ദലി അടിപിടി കേസുകളിലും പ്രതിയാണ്. ഞായറാഴ്ച അര്‍ധരാത്രിയില്‍ എന്‍എസ് സഹകരണ ആശുപത്രിയിലെ ജീവനക്കാരന്റെ ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റവെയാണ് ഇരുവരും പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച ബൈക്കും പെട്രോള്‍ ഊറ്റിക്കൊണ്ടുപോകുന്നതിനായുള്ള കുപ്പികളുംമറ്റും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പാലത്തറ, തട്ടാമല, മുള്ളുവിള, ശ്രീരാമപുരം ഭാഗങ്ങളില്‍ വീടുകളിലിരിക്കുന്ന ബൈക്കുകളില്‍നിന്ന് രാത്രികാലങ്ങളില്‍ പെട്രോള്‍ ഊറ്റിക്കൊണ്ടുപോകുന്നതായി വ്യാപകമായി പരാതികള്‍ ഉണ്ടായിരുന്നു. അമിതശബ്ദവുമായി ബൈക്കില്‍ സ്ഥിരമായി പോലീസിനെ വെട്ടിച്ചുകടന്നിരുന്ന ഇവര്‍ നിരോധിത ലഹരിവസ്തുക്കള്‍ കടത്തുന്ന സ്‌കൂട്ടറുകള്‍ക്കായും പെട്രോള്‍ ഊറ്റിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു.

Exit mobile version