കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി, വരന്‍ അഥര്‍വ്

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാന്‍സ്മാനായ അഥര്‍വും വിവാഹിതരായി. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തിയത്. എറണാകുളം ടിഡിഎം. ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റാണ് ഹെയ്ദി സാദിയയ. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമറുടെ വളര്‍ത്തു മകളാണ് ഹെയ്ദി. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍ കെ ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.

സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ തലേന്ന് ആലുവയിലെ വീട്ടില്‍വച്ച് ഹല്‍ദി ആഘോഷവുമുണ്ടായി. കേരളത്തില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്.

Exit mobile version