കനത്ത മഴ; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്തംഗസംഘത്തെ അബുദാബി പോലീസ് രക്ഷപ്പെടുത്തി

മരുഭൂമിയിലെ തടാകം കാണാനും മഴ ആസ്വദിക്കാനുമെത്തിയ പത്തംഗസംഘത്തെയാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അബുദാബി പോലീസ് രക്ഷിച്ചത്

അബുദാബി: അബുദാബിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്ത് പേരെ പോലീസ് രക്ഷപ്പെടുത്തി. മരുഭൂമിയിലെ തടാകം കാണാനും മഴ ആസ്വദിക്കാനുമെത്തിയ പത്തംഗസംഘത്തെയാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അബുദാബി പോലീസ് രക്ഷിച്ചത്. മൂന്ന് വാഹനങ്ങളിലായാണ് പത്തംഗസംഘം എത്തിയത്.

വെള്ളപ്പൊക്കത്തില്‍ വാഹനം മുങ്ങുന്നതിനിടെയാണ് പോലീസ് ആളുകളെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചു. ജെസിബി ഉപയോഗിച്ചാണ് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ പോലീസ് രക്ഷിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യുഎഇയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം കാലാവസ്ഥ വ്യതിയാനവും മഴയും കണക്കിലെടുത്ത് യുഎഇയിലെ പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ സമയങ്ങളില്‍ ഇലക്ട്രിക്ക് ലൈനുകള്‍ ഉള്ള സ്ഥലങ്ങളിലും മരങ്ങള്‍ക്ക് സമീപത്തും തുറസായ സ്ഥലങ്ങളിലും നില്‍ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതരും പോലീസും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version